അഗത്തിച്ചീരയുടെ പൂവുകളും ഇലകളും ഭക്ഷ്യയോഗ്യമാണ്. മലേഷ്യൻ സ്വദേശിയായ അഗത്തിച്ചീരയുടെ ശാസ്ത്രനാമം സെസ്ബാനിയ ഗ്രാന്റി ഫ്ളോറ. പഞ്ചാബ്, ഡൽഹി, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ ഇതു വ്യാപകമായുണ്ട്. വളരെ വേഗം ചെറിയ മരമായി വളരും. വെള്ള, റോസ്പൂക്കളുള്ള രണ്ടിനങ്ങളാണു സാധാരണ കാണുന്നത്. വെള്ളപ്പൂക്കളുള്ള ഇനമാണു പച്ചക്കറിയായി ഉപയോഗിക്കാൻ യോജ്യം. ചെറിയ കയ്പുള്ള മറ്റേ ഇനം ഔഷധമായിട്ടാണ് ഉപയോഗിക്കുന്നത്. വിത്തുകൾ, കമ്പുകൾ ,എന്നിവ നട്ടുകൃഷി ചെയ്യാം.30x30x30 സെ.മീ അളവിൽ കുഴികളെടുത്ത് ജൈവവളം ചേർത്തു കമ്പോ വിത്തോ നടാം. 2-3 വിത്ത് ഇട്ടു മുളച്ചു വരുമ്പോൾ ഒരെണ്ണം മാത്രം നിർത്തുക. ബാക്കി പറിച്ചു കളയുക. മേയ് - ജൂൺ, സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളാണ് നടീലിനു നല്ലത്. വെള്ളക്കെട്ടുണ്ടാകരുത്.

ഇലകളുടെയും പൂക്കളുടെയും നീര് തലവേദനയ്ക്ക് ആശ്വാസത്തിനും മുറിവുണങ്ങാനും പുരട്ടാറുണ്ട്. ജീവകം എ, ബി അടക്കം ധാരാളം പോഷകങ്ങൾ അടങ്ങിയ അഗത്തിച്ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നേത്രരോഗങ്ങൾ തടയാം.

അക്ഷരച്ചീര: പച്ച, സിങ്ക്, ബ്രൗൺ നിറങ്ങളിലും അവയുടെ സമ്മിശ്ര നിറങ്ങളിലും കാണപ്പെടുന്ന ഈ ചീരയ്ക്കു പൊന്നാങ്കണ്ണിച്ചീരയെന്നും പേരുണ്ട്. അമരാന്തേസിയേ കുടുംബത്തിൽപ്പെട്ട ഈ ചീരയുടെ ശാസ്ത്രനാമം അൾട്ടെർനാന്തെരാ സെസിൽസ് എന്നാണ്. പൂന്തോട്ടത്തിൽ അലങ്കാരച്ചെടിയായി അക്ഷരങ്ങൾ ഒരുക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ഇളം തണ്ടുകളും ഇലകളും മുറിച്ചെടുത്ത് ഇലക്കറികളും തോരൻ, കട്ലറ്റ്, സൂപ്പ് മുതലായവയും ഉണ്ടാക്കാം. ചുവന്ന ഇനത്തിൽപ്പെട്ടതിനു രുചി കുറവായതിനാൽ പച്ചയിനമാണു സാധാരണയായി ഉപയോഗിക്കുന്നത്.

തണ്ടുകൾ മുറിച്ചുനട്ടാണ് പ്രജനനം. ചെടിവേരുപിടിച്ച് ഒരാഴ്ചയ്ക്കുശേഷം നാമ്പു നുള്ളി ശിവരങ്ങൾ ഉണ്ടാക്കേണ്ടതാണ്.കാസ്യം, ചീര എന്നും അറിയപ്പെടുന്ന പൊന്നാങ്കണ്ണി ചില കണ്ണുരോഗങ്ങൾക്കും വയറുകടിക്കും മരുന്നായി ഉപയോഗിക്കാറുണ്ട്.

അഹല്യ ഉണ്ണിപ്രവൻ