*പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോൾ അടിയിൽ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം.* പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണൽ(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങൾ ആദിയായവ ലഭ്യതയനുസരിച്ച് മിക്സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതിൽ ഉണങ്ങിയ ചാണകം കൂടുതൽ ചേർക്കുന്നത് പച്ചക്കറിയുടെ വളർച്ചക്ക് നല്ലതാണ്.

ടെറസ്സിൽ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകൾ നടേണ്ടത്.

**വിത്തുകൾ**

നമുക്ക് നടാനുള്ള പച്ചക്കറി വിത്തുകൾ മുൻവർഷങ്ങളിലുള്ള ചെടികളിൽ നിന്ന് നമ്മൾ ശേഖരിച്ചതോ മറ്റുള്ളവരിൽ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയിൽ ചിലയിനങ്ങൾ ഈർപ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാൻ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളിൽ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയർ, കയ്പ, മത്തൻ, വെള്ളരി എന്നിവ കടയിൽ നിന്ന് കറിവെക്കാൻ വാങ്ങിയ പച്ചക്കറികളിൽ മൂപ്പെത്തിയ നല്ല ഇനങ്ങൾ ഉണ്ടെങ്കിൽ വിത്ത് ശേഖരിക്കാം.

**വിത്തിടൽ**

പച്ചക്കറി വിത്തുകൾ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണിൽ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന.

മറ്റുചില വിത്തുകൾ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചശേഷം മണ്ണിൽ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവൽ, പടവലം, താലോരി, മത്തൻ, കുമ്പളം.

*1. നേരിട്ട് മണ്ണിൽ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തിൽ വിതറിയാൽ മതിയാവും.* ചീരവിത്തുകൾ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലർത്തിയിട്ട് മണ്ണിൽ വിതറിയാൽ മുളച്ചുവരുന്ന തൈകൾ തമ്മിൽ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകൾ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. *ദിവസേന രാവിലെയും വൈകിട്ടും നനച്ചാൽ ഏതാനും ദിവസംകൊണ്ട് തൈകൾ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തിൽ നടാം.*