മുളപ്പിച്ച് നടേണ്ട വിത്തുകൾ ഓരോന്നും പ്രത്യേകമായി 12മണിക്കൂർ സമയം വെള്ളത്തിൽ കുതിർത്ത് വെക്കണം.* പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയിൽ കോട്ടൺതുണി നാലായി മടക്കിയതിനു മുകളിൽ വിത്തുകൾ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളിൽ ചെറിയ ഒരു കല്ല്വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളിൽ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാൽ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും.

വേര് വന്ന വിത്തുകൾ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതിൽ പാവൽ, പടവലം, താലോരി, മത്തൻ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകൾ ദിവസേന നനച്ചാലും, മുളക്കാൻ ഒരാഴ്ചയിലധികം ദിവസങ്ങൾ വേണ്ടി വരും. അവക്ക് വേഗത്തിൽ മുള വരാൻ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂർത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടർത്തിമാറ്റിയാൽ മതിയാവും. അങ്ങനെ ചെയ്താൽ എളുപ്പത്തിൽ വേര് വരും.

ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകൾ നനഞ്ഞ മണ്ണിൽ നടണം. അധികം ആഴത്തിൽ നട്ടാൽ അവ മണ്ണിനു മുകളിൽ വളരാതെ നശിക്കാനിടയാവും.

ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണിൽ നിശ്ചിത അകലത്തിലും വിത്തുകൾ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തിൽ മാത്രം മണ്ണ് വിത്തിനു മുകളിൽ ഇട്ടാൽ മതി. രാവിലെയും വൈകുന്നേരവും നനക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

**പരിചരണം**

ടെറസ്സ്കൃഷിയിൽ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിർത്തിയാൽ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവർ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂർ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോൾ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട്നേരമെങ്കിലും കർഷകൻ ടെറസ്സിൽ കയറണം. വളർച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേർത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികൾ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.