ഉയരത്തിൽ കയറി നടക്കാൻ അമിതമായ പേടിയുള്ളവർ ടെറസ്സിൽ കയറുന്നത് പരമാവധി ഒഴിവാക്കണം.

ടെറസ്സ്കൃഷി സ്വന്തമായി ചെയ്യേണ്ട ഒരു ഹോബിയായി കണക്കാക്കേണ്ടതാണു്. അത്യാവശ്യസഹായങ്ങൾക്കല്ലാതെ, മറ്റാളുകളെ ആശ്രയിക്കാനോ അവരെക്കൊണ്ടു ചെയ്യിക്കാനോ ശ്രമിക്കാതിരിക്കണം.

എല്ലാദിവസവും രാവിലെയും വൈകുന്നേരവും കൃഷിസ്ഥലത്ത് കയറിവന്ന് വെള്ളം നനക്കേണ്ടതും പരിചരിക്കേണ്ടതും നിർബന്ധമാണു്.

തീരെ ചെറിയ കുട്ടികളെയോ പ്രായമായവരേയോ മറ്റു വിധത്തിൽ ടെറസ്സിൽ കയറാൻ പ്രയാസമുള്ളവരെയോ സ്വന്തം കൃഷിയുടെ പുരോഗതി കാണിക്കാനായി ഒരിക്കലും നിർബന്ധിച്ച് പിടിച്ച് കയറ്റരുത്.

ടെറസ്സിൽ നിൽക്കുമ്പോൾ എല്ലാ സമയവും സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കണം. ഉറക്കെ സംസാരിക്കുക, മൊബൈൽ ഫോണിലെ സംഭാഷണത്തിൽ ലയിച്ച് അശ്രദ്ധമായി നടക്കുക തുടങ്ങിയതൊക്കെ പരമാവധി ഒഴിവാക്കണം.

കൃഷിജോലിക്കു് ആവശ്യമുള്ള ഉപകരണങ്ങൾ (ബ്ലെയ്ഡ്, കത്രിക, കടലാസ്, പോളിത്തീൻ ബാഗ് തുടങ്ങിയവ) സ്ഥിരമായി ഒരു ചെറിയ ബാഗിൽ സൂക്ഷിച്ച് കൂടെ സ്വന്തം മൊബൈൽ ഫോണും അടക്കം തോട്ടത്തിലേക്കു കയറുന്നതു് നല്ലൊരു ശീലമാണു്. അത്യാവശ്യം വരുമ്പോൾ ആശയവിനിമയം നടത്താം.

സാധാരണ മണ്ണിൽ കൃഷിചെയ്ത പരിചയം മുൻകൂറായി സ്വല്പമെങ്കിലും ഉണ്ടായിരിക്കുന്നതു് പദ്ധതിയുടെ ആകമാനം വിജയസാദ്ധ്യത അത്യധികം വർദ്ധിപ്പിക്കും.