കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ വള്ളിപ്പയറിനമാണ് ഗിതിക. സർവകലാശാലയുടെ തന്നെ സദാനന്ദപുരത്തുള്ള ക്യഷിവിജ്ഞാന കേന്ദ്രത്തിന്റെ നേത്യത്വത്തിൽ കൊല്ലം ജില്ലയിലെ തെരഞ്ഞെടുത്ത പത്ത് കർഷകരുടെ കൃഷിയിടത്തിൽ ഈയിനത്തിന്റെ വിളവ് വിലയിരുത്തൽ ക്യഷിയിട പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. മികച്ച വിളവാണ് പരീക്ഷണക്യഷിയിൽ നിന്നും കർഷകർക്ക് ലഭിച്ചത്. ഒരു ഹെക്ടർ സ്ഥലത്തു നിന്ന് ഏകദേശം 18.8 ടൺ വിളവ്. കായ്കൾക്ക് 57 സെ. മീറ്റർ നീളവും, 26 ഗ്രാംതൂക്കവുമുണ്ട്. ഒരു പയറിനുള്ളിൽ ഏകദേശം 20 മണികൾ.കായ്കൾ പറിച്ചെടുത്തശേഷം 4-5 ദിവസം വരെ ഇവ കേടുകൂടാതെ ഇരിക്കും. നല്ല മാംസളമായ കായ്കൾ പാചകം ചെയ്യുമ്പോൾ മറ്റിനങ്ങളെ അപേക്ഷിച്ച് അതീവ രുചികരം. വിത്തിടുന്നതു മുതൽ വിളവെടുപ്പു കർഷകരുടെ അഭിപ്രായത്തിൽ ഗിതിക നാലു മാസം കാലാവധിവരെ .

ഗിതിക പയറിനം കൃഷിചെയ്തപ്പോൾ കായ്തുരപ്പൻ പുഴുവിന്റെ അക്രമണവും മൊസേക് രോഗവും തീരെ കുറവുള്ളതായി കണ്ടു.

വള്ളിപ്പയർ കൃഷിരീതി

വള്ളിപ്പയർ കൃഷി ചെയ്യുന്നതിന് 2 മീറ്റർ അകലത്തിൽ തടം എടുക്കണം. അങ്ങനെ ഒരു സെന്റ് സ്ഥലത്ത് പത്ത് തടം വരെ എടുക്കാം. പയര് വളരെ അടുത്തടുത്ത തടങ്ങളിൽ നട്ടാൽ ചെടികളുടെ കായിക വളർച്ച കൂടി കായ്ക്കളുടെ എണ്ണത്തിൽ കുറവു വരും. അതിനാൽ കൃത്യമായ അകലത്തിൽ നടുന്നത് അത്യാവശ്യമാണ്. 16 മുതൽ 20 ഗ്രാം വിത്ത് ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ വേണ്ടിവരും. വിത്തിടുന്നതിന് 10 ദിവസം മുമ്പ് കുമ്മായപയോഗം മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ നടത്താം.റൈസോബിയം എന്നജീവാണു വളം പയർ വിത്തിൽ പുരട്ടി ഉപയോഗിക്കുന്നത് വിളവർദ്ധനയ്ക്ക് കാരണമാകും.

100 ഗ്രാം പയർ വിത്തിന് 1.5 ഗ്രാം റൈസോബിയമാണ് വേണ്ടത്. അതുപോലെ മൈക്കോ റൈസ(വാം) എന്ന ജീവാണുവളം 5 ഗ്രാം തടമൊന്നിന് എന്ന തോതിൽ ഉപയോഗിക്കുന്നതും നല്ലതാണ്. ഒരുസെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നതിന് യൂറിയ 200 ഗ്രാം, രാജ്ഫോസ് 600 ഗ്രാം, പൊട്ടാഷ് 70 ഗ്രാം എന്ന തോതിൽ വളങ്ങൾ പല തവണകളായി നൽകേണ്ടതാണ്.ഫോസ്ഫറസ് വളം ഒറ്റ തവണയായി അടിവളമായിട്ട് നൽകണം.വള്ളി വീശുമ്പോഴും, പൂവിടുമ്പോഴും, കായിക്കുമ്പോഴും വളങ്ങൾ ചെടികൾക്ക് നൽകുന്ന തരത്തിൽ വളപ്രയോഗ രീതി ക്രമീകരിക്കണ്ടതാണ്.

കടപ്പാട്:കേരള കർഷകൻ