സ്ട്രോബെറി പോഷകസമ്പന്നമായ പഴമാണ്. ജീവകം എ, ബി, ബി 2,സി എന്നിവയ്ക്കു പുറമേ കാത്സ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്. മിത ശീതോഷ്ണ കാലാവസ്ഥയിലും നന്നായി വളരുന്ന ഇനങ്ങൾ ലഭ്യമായതോടെ കേരളത്തിൽ വയനാട്, ഇടുക്കി, നെല്ലിയാമ്പതി പ്രദേശങ്ങളിൽ ആരംഭിച്ച കൃഷി സമതലങ്ങളിലേക്കും വ്യാപിക്കുന്നു.

ഹൈറേഞ്ച് കാലാവസ്ഥയിൽ പിങ്കോറ, ചാൻസ്ലലർ ,ഫേൺ എന്നിവയാണ് നന്നായി വളരുന്ന ഇനങ്ങൾ. സ്ട്രോബറി തറയിൽ ചേർന്നു വളരുന്നു. മണൽ കൂടിയ മണ്ണാണ് കൃഷിക്കു പറ്റിയത്. അൽപ്പം അമ്ലത്വമുള്ള മണ്ണ് ഏറ്റവും യോജ്യം നീർവാർച്ചയുള്ള സ്ഥലം നിർബന്ധം.

വള്ളിത്തല മുറിച്ചെടുത്ത കഷണങ്ങളാണ് നടീൽ വസ്തു. ടിഷ്യു കൾച്ചർ തൈകളും ലഭ്യമാണ്. വിത്ത് മുളപ്പിച്ചും നടണം. ട്രൈക്കോഡെർമ ചേർത്ത ചാണകപ്പൊടി ഒരു കിലോ ച .മീറ്ററിന് എന്ന തോതിൽ നൽകുന്നതു നന്ന്.

ഹൈറേഞ്ച് കാലാവസ്ഥയിൽ വർഷം മുഴുവൻ കൃഷിയിറക്കാമെങ്കിലും ഏപ്രിൽ -മേയ് മാസങ്ങളാണ് ഏറ്റവും നല്ലത്. വൈക്കോൽകൊണ്ടു പുതയിടാം. പോളിത്തീൻ ഷീറ്റ് വിരിക്കുന്നതു വഴി കായ്ചീയൽ സാധ്യത കുറയ്ക്കാം.

ഹെക്ടറിനു ജൈവവളങ്ങൾ - 20 ടൺ ,രാസവളങ്ങൾ നൈട്രജൻ 50 കിലോ, ഫോസ്ഫറസ് 40 കിലോ, പൊട്ടാഷ് 20 കിലോ എന്നിവ നൽകാനാണ് ശുപാർശ.വേനൽകാലത്തു വെള്ളം തുള്ളിനന രീതിയിൽ നൽകണം. വേരു ചീയലിനും ഇലപ്പൊട്ടു രോഗത്തിനും എതിരെ കുമിൾനാശിനികൾ മണ്ണും ചെടിയും കുതിരത്തക്കവിധം തളിക്കുക. ഏപ്രിലിൽ നട്ടാൽ സെപ്റ്റംബറിൽ പൂവിടും. തേനീച്ച നല്ല പരാഗണ സഹായിയാണ്.' വിളവെടുപ്പ് 2-3 ദിവസം ഇടവിട്ട് '. ഒരു ചെടിയിൽ നിന്ന് 20- 30 പഴങ്ങൾ ( ഒന്നിന്റെ തൂക്കം 5-8 ഗ്രാം) ലഭിക്കാം.

അഹല്യ ഉണ്ണിപ്രവൻ