ആമുഖം മഹാത്മജിയുടെ ചമ്പാരന്‍ സത്യാഗ്രഹത്തിലൂടെ ഇന്ത്യന്‍ ചരിത്രത്തില്‍ ഇടം പിടിച്ച വ്യാവസായിക പ്രാധാന്യമുള്ള നീലയമരി ഏറ്റവും ശ്രേഷ്ടമായ കേശസംരക്ഷണത്തിന് ആയിട്ടാണ് അറിയപ്പെടുന്നത്. കേശ സംരക്ഷണത്തിനു ഉപയോഗിക്കുന്ന നീലിഭൃംഗാദി എണ്ണയിലെ പ്രധാന ചേരുവയാണ് നീലയമരി. പ്രകൃതി ദത്തമായ നീലത്തിന്റെ സ്രോതസായതിനാല്‍ ഇതിനെ നീലംചെടി എന്നും വിളിക്കാറുണ്ട്. നീല കലര്‍ന്ന പച്ചയോട് കൂടിയ ഇലകളാല്‍ സമ്പന്നമായ ധാരാളം ശാഖോപശാഖകളുള്ള ഒരു കുറ്റിചെടിയാണ് നീലയമരി. അധികം പരിചരണം ഇല്ലാതെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു ഔഷധസസ്യമായ നീലയമരി ചരല് നിറഞ്ഞ ജൈവാംശവും ഈര്‍പ്പവും നിറഞ്ഞ മണ്ണില്‍ നന്നായി വളരുന്നു. വളര്‍ച്ചക്ക് ജലലഭ്യത ആവശ്യം ആണെന്നതിനാലും വീടുകളില്‍ കിണറിന്റെ പരിസരങ്ങളിലും ടാപ്പുകള്‍ക്ക് സമീപത്തും നീലയമരി വളര്‍ത്താം. അല്പം വെയില് ലഭിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയാല്‍ മതി. ഇത് കൂടാതെ ടെറസ്സുകളിലും മറ്റും മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും വളര്‍ത്താം. നീലയമാരിയുടെ വേരുകളില്‍ ജീവിക്കുന്ന സൂക്ഷ്മ ജീവികള്‍ക്ക് മണ്ണിലെ നൈട്രജന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നതിനാല്‍ ഇത് നടുന്ന സ്ഥലങ്ങളില്‍ മണ്ണിന്റെ ഫലഭൂയിഷ്ടതക്ക് വര്‍ധനവ് ഉണ്ടാകും എന്ന പ്രത്യേകത കൂടിയുണ്ട്. വിത്ത് മുളച്ച് ഉണ്ടാകുന്ന തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. നട്ട് ഏകദേശം ഒരു വര്‍ഷം പ്രായമായ നീലയമരി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. വിത്തുകള്‍ വീണു ജലലഭ്യതക്ക് അനുസരിച്ച് മുളച്ച് തൈകള്‍ ഉണ്ടാകും. ചെടിയില്‍ നിന്നും ആവശ്യാനുസരണം ഇലയോട് കൂടിയ ചെറു തണ്ടുകളായി മുറിച്ചെടുത്ത് ഉപയോഗിക്കാം. പൂക്കുന്നതോട് കൂടി ഇലകളുടെ എണ്ണം കുറഞ്ഞു തുടങ്ങും എന്നതിനാല്‍ ഇലകള്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ പൂക്കള്‍ വിരിയുന്നതിന് മുന്‍പായി തന്നെ ഇലകള്‍ ശേഖരിച്ചു വയ്ക്കണം. സാധാരണ ഗതിയില്‍ ചെടി നട്ട് മൂന്നാം മാസം മുതല്‍ ഇലകള്‍ ശേഖരിച്ചു തുടങ്ങാം. ഔഷധ ഉപയോഗങ്ങള്‍ നീലയമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം അല്‍പ്പം തേനും ചേര്‍ത്ത് ദിവസവും രണ്ടു നേരം കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും. ഇത് കരളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കും ഫലപ്രദമാണ്. മുടിയുടെ വളര്‍ച്ചക്കും കറുപ്പ് നിറത്തിനും നീലയമരി സമൂലമെടുത്ത് വെളിച്ചെണ്ണ കാച്ചി തേക്കുന്നത് നല്ലതാണ്. വിഷജന്തുക്കള്‍ കടിച്ചാല്‍ നീലയമരി സമൂലം അരച്ച് മുറിവില്‍ പുരട്ടുകയും ഇലയുടെ നീര് കുടിക്കുകയും ചെയ്യുന്നത് നല്ലതാണ്. പല്ലി വിഷത്തിന് നീലയമരി വേര്, കടുക്കമൂളി വേര്, നറുനീണ്ടി കിഴങ്ങ് ഇവ പാലില്‍ സേവിക്കണം. നീലയമരിയില അരച്ച് പുരട്ടിയാല്‍ ചൊറിയും ചിരങ്ങും മാറും മുഖത്ത് ഉണ്ടാകുന്ന നിരവ്യത്യാസങ്ങള്ക്ക് നീലയമരി ഇലയും മഞ്ചട്ടിയും ചേര്‍ത്ത് അരച്ച് പുരട്ടുക നീലയമരി വേര് കഷായം വച്ച് കുടിച്ചാല്‍ മൂത്രത്തില്‍ കല്ല്, മൂത്രത്തില്‍ പഴുപ്പ് എന്നിവ മാറും, നീലയമരി നീര് പുരട്ടിയാല്‍ തലയിലെ ചൊറി മാറും പല്ല് വേദന മാറുന്നതിന് നീലയമരി വേര് ചവക്കുക. നീലയമരി നീര് കഴിക്കുന്നത് ചുമ, ആസ്ത്മ, അപസ്മാരം എന്നീ രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്