തിപ്പലി

സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവെന്നറിയപ്പെടുന്ന കുരുമുളകിന്റെ ബന്ധുവായ തിപ്പലിക്ക് ഔഷധ സസ്യങ്ങളുടെ കൂട്ടത്തില്‍ രാജ്ഞി പട്ടമാണ് നല്‍കിയിരിക്കുന്നത്. ത്രികടുവിലൂടെ പ്രശസ്തമായ തിപ്പലി ഒട്ടുമിക്ക ആയുര്‍വേദ ഔഷധങ്ങളിലും ചേരുന്നുണ്ട്. ഇക്കിളിന് തിപ്പലി എന്ന ചൊല്ല് തന്നെ സുപരിചിതമാണ്.

ആകൃതിയിലും പ്രകൃതിയിലും എല്ലാം തന്നെ കുരുമുളകിനോട് സാദൃശ്യമുള്ള തിപ്പലി മൃദുലമായ കാണ്ഡത്തോട് കൂടി നിലത്ത് പടര്‍ന്നു വളരുന്ന ഒരു സസ്യമാണ്. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ അല്പം തണല്‍ ലഭിച്ചാല്‍ തിപ്പലി നന്നായി വളരും. വീടുകളില്‍ തെങ്ങിന് ചുവട്ടിലോ ഉധ്യാനങ്ങളില് നിഴല്‍ കൂടുതലായി ലഭിക്കുന്ന സ്ഥലങ്ങളിലോ മറ്റു ചെടികളുടെ ചുവട്ടിലോ തിപ്പലി വളര്‍ത്താം. ഒരു ഔഷധ കാര്പ്പറ്റായും ഈ സസ്യത്തെ വളര്‍ത്താം. ഇത് കൂടാതെ മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും തിപ്പലി വളര്‍ത്താവുന്നതാണ്. എന്നാല്‍ ജലസേചനം ആവശ്യമാണെങ്കിലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

പടര്‍ന്നു കിടക്കുന്ന തണ്ടില്‍ ഓരോ മുട്ടുകളിലും വേരുകള്‍ ഉണ്ടായിരിക്കും. വേരുള്ള രണ്ടോ മൂന്നോ മുട്ടുകളോട് കൂടിയ തണ്ടുകള്‍ മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. പടര്‍ന്നു തുടങ്ങുന്ന ചെടി ഏകദേശം ഒന്നര വര്‍ഷം പ്രായമെത്തിയാല്‍ കായ്ക്കാന്‍ തുടങ്ങും. കായ്കള്‍ ആണ് പ്രധാനമെങ്കിലും ഇലയും തണ്ടുമെല്ലാം ഔഷധ യോഗ്യമാണ്. പടര്‍ന്നു വളരുന്ന ഒരു നിത്യ ഹരിത സസ്യമായ തിപ്പലി ഉദ്യാനങ്ങളിലെക്കും ടെറസ്സ്കളിലേക്കും വളരെ അനുയോജ്യമായ ഒരു ഔഷധ സസ്യമാണ്.

ഔഷധ ഉപയോഗങ്ങള്‍

തിപ്പലിപ്പൊടി തേനില്‍ ചാലിച്ച് കഴിച്ചാല്‍ പഴകിയ പനി, ചുമ, ഇക്കിള് എന്നിവ മാറും.

തിപ്പലിയും കരിനൊച്ചി വേരും സമം ചേര്‍ത്ത് കരിക്കിന് വെള്ളത്തില്‍ അരച്ച് കലക്കി സേവിച്ചാല്‍ മൂത്രാശയത്തില്‍ ഉണ്ടാകുന്ന കല്ല് ദ്രവിച്ച് പോകും.

3 – 6 ഗ്രാം തിപ്പലിപ്പൊടി 250 മില്ലി മോരില്‍ കലക്കി കുടിച്ചാല്‍ അതിസാരം ശമിക്കും.

തിപ്പലിപ്പൊടി 2 ഗ്രാം വീതം ദശമൂലം കഷായത്തിലോ തേനിലോ ചേര്‍ത്ത് കഴിച്ചാല്‍ ഊരുസ്തംഭം എന്ന വാതരോഗം ശമിക്കും.

പ്രസവാനന്തരം 1 ഗ്രാം തിപ്പലിപ്പൊടി 3 ഗ്രാം ഉണങ്ങിയ മുന്തിരിങ്ങാ പഴവും ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുന്നത് ദഹനശക്തിക്കും ആരോഗ്യത്തിനും നല്ലതാണ്.

ജലദോഷം കൊണ്ട് ഉണ്ടാകുന്ന ഒച്ചയടപ്പിന് തിപ്പലിയും തിപ്പലിവേരും കുരുമുളകും ചുക്കും സമം ചേര്‍ത്ത് ഉള്ള കഷായം ഗുണപ്രദമായിരിക്കും.

വയറുവേദനക്ക് 2 ഗ്രാം തിപ്പലിയും 3 ഗ്രാം കുരുമുളകും 1 ഗ്രാം കല്ലുപ്പും പൊടിച്ച് 1 ഗ്രാം വീതം സേവിക്കുക.

താതിരിപൂവും തിപ്പലിയും സമം ചേര്‍ത്ത് പൊടിച്ച് തേനില്‍ ചാലിച്ച് മോണയില്‍ പുരട്ടിയാല്‍ വേഗത്തില്‍ പല്ലുകള്‍ വരും.

തിപ്പലിയുടെ പൂവ് വറുത്തു പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുത്താല്‍ ശരീരവേദന ശമിക്കും.