ആടലോടകം

ഭാരതീയ ഔഷധപാരമ്പര്യത്തിന്റെ മുഖ്യ കണ്ണികളില്‍ ഒന്നായ ആടലോടകത്തില്‍ നിന്നും ആധുനിക ശാസ്ത്രം വളരെയധികം ഔഷധങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ശാസ്ത്രനാമമായ ആടാതോട വാസിക്ക സൂചിപ്പിക്കുന്നത് തന്നെ ശ്വാസകോശ രോഗങ്ങളെ ചെറുക്കുവാനുള്ള ഇതിന്റെ കഴിവിനെയാണ്. ആടലോടകത്തിന്റെ ശീതവീര്യവും രൂക്ഷഗന്ധവും നിമിത്തം ആടുമാടുകളും മറ്റ് ജീവികളും ഇതിന്റെ ഇല ഭക്ഷിക്കാത്തത് കൊണ്ട് തന്നെ വളരെയധികം പാരിസ്ഥിതിക പ്രാധാന്യം കൂടിയുള്ള സസ്യം കൂടിയാണിത്.

ഒരു കുറ്റി ചെടിയായ ആടലോടകം ഏത് കാലാവസ്ഥയിലും വളരും. ആടലോടകത്തിന്റെ തണ്ടുകള്‍ മുറിച്ച് നട്ടാല്‍ മതിയാകും. ഔഷധസസ്യമെന്ന രീതിയില്‍ ഒന്നോ രണ്ടോ ചെടി വീടുകളില്‍ നടുന്നതിന് ഉപരി അതിര്‍ത്തികളില്‍ വേലിയായും ആടലോടകം വളര്‍ത്താം. കൃഷിസ്ഥലമുള്ളവര്ക്ക് കൃഷിയിടങ്ങളില്‍ അങ്ങിങ്ങായി ആടലോടകം വളര്‍ത്തുന്നത് കീടനിയന്ത്രണത്തിന് സഹായകരമാണ്. നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിളക്കി അതില്‍ മുറിച്ചെടുത്ത കമ്പുകള്‍ നടാവുന്നതാണ്. അല്പം ജലലഭ്യത ഉറപ്പാക്കിയാല്‍ നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആവശ്യത്തിലധികം ഇലകള്‍ ലഭിക്കും. ഇലകള്‍ ഒട്ടനവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധനിര്‍മ്മാണത്തിനും ഉപയോഗിക്കുന്നതിനു പുറമേ ജൈവ കീടനാശിനി നിര്‍മ്മാണത്തിലും സ്വാഭാവിക കീട നിയന്ത്രണത്തിലും ആടലോടക ഇല വളരെയധികം ഉപയോഗിച്ച് വരുന്നു.

ഔഷധഉപയോഗങ്ങള്‍

ആടലോടകത്തിന്റെ ഇല വാട്ടി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും.

ആടലോടകത്തിന്റെ ഇലയും ചന്ദനവും അരച്ച് 15 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാല്‍ രോമാകൂപത്തിലൂടെ രക്തം വരുന്നത് തടയാം.

ആര്‍ത്തവ സമയത്ത് കൂടുതല്‍ രക്തം പോകുന്നുണ്ടെങ്കില്‍ ആടലോടകത്തിന്റെ ഇലയുടെ നീര് 15 മില്ലിയും 15 ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് ദിവസേന രണ്ടു നേരം വീതം കഴിക്കുക.

ക്ഷയരോഗത്തിന്റെ ആദ്യ അവസ്ഥയില്‍ ചുമ ഉണ്ടെങ്കില്‍ ആടലോടക ഇളനീര് 1 ടീസ്പൂണ്‍ വീതം ദിവസേന 3 നേരം കഴിക്കുക.

നേത്രരോഗങ്ങള്‍ക്ക് ഇതിന്റെ പൂവിന്റെ നീര് കണ്ണില്‍ ഒഴിക്കുന്നത് നല്ലതാണ്.

ഉണങ്ങിയ ഇലകള്‍ ചുരുട്ടാക്കി വലിക്കുന്നത് മൂലം ആസ്ത്മ രോഗത്തിന് ശമനം ലഭിക്കും.

ഒരു ടീസ്പൂണ്‍ ആടലോടകത്തിന്റെ ഇലയുടെ നീരും ഒരു കോഴിമുട്ട വാട്ടിയതും അല്‍പ്പം കുരുമുളക് പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ ചുമ, കഫക്കെട്ട് ഇവ മാറുന്നതാണ്.

ആടലോടകത്തിന്റെ ഇല, കണ്ടകാരിയില, ചെറു വഴുതനയില ഇവ കഷായം വെച്ച് കുടിച്ചാല്‍ വയറിലെ കൃമികള്‍ നശിക്കും.

ആടലോടകത്തിന്റെ ഇല വെയിലത്ത് ഉണക്കി പൊടിച്ചത്, അരി വറുത്തു പൊടിച്ചത്, കല്‍ക്കണ്ടം, ജീരകം, കുരുമുളക് ഇവ പൊടിച്ചത്, ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ജലദോഷം, കഫക്കെട്ട് എന്നിവ മാറും.

കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്

കൂടുതല്‍ വിവരങ്ങള്‍ക്ക് : Kerala State Medicinal Plants Board